
തിരുവനന്തപുരം: ഇന്ത്യൻ പൗരത്വത്തിൽ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ. എം. അനിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ പൗരത്വം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും ഇന്ത്യൻ പൗരത്വം നിലനിർത്തണമെന്ന ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവും, ലോക കേരള സഭാംഗവും, ശാസ്ത്രഗവേഷകനും, ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ. എം. അനിരുദ്ധന്റെ അനുസ്മരണ യോഗത്തിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ജീവിതാവസാനം വരെ ഇന്ത്യൻ പാസ്‌പോർട്ട് നിലനിർത്തിയ അനിരുദ്ധന്റെ ദേശസ്‌നേഹവും സൗഹൃദവും മുഖ്യമന്ത്രി ഓർമിച്ചു, അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. എം. അനിരുദ്ധന്റെ ദീർഘവീക്ഷണവും നിസ്വാർത്ഥ സേവനവും നോർക്ക റൂട്ട്സിന്റെ ഉന്നതിക്ക് വലിയ പങ്കുവഹിച്ചതായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനുസ്മരിച്ചു. പ്രവാസികളുടെ സ്വപ്നങ്ങളും കണ്ണീരും തന്റേതായി കണ്ട് അവർക്കായി അശ്രാന്തമായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മന്ത്രി ശിവൻകുട്ടി വിവരിച്ചു. അമേരിക്കൻ മലയാളികളുടെ സാംസ്കാരിക അന്യവൽക്കരണം തടയാൻ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വത്വം നിലനിർത്താൻ അനിരുദ്ധൻ നടത്തിയ ശ്രമങ്ങളെ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഓർമിച്ചു. നാടുമായുളള ബന്ധം എന്നും നിലനിര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. അനിരുദ്ധനെന്നാണ് സഹപ്രവര്‍ത്തകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമുളള അഭിപ്രായമെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലിയും വ്യക്തമാക്കി.
തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന അനുസ്മരണ യോഗത്തിൽ മുൻ മന്ത്രിമാരായ എം. എം. ഹസ്സൻ, കെ. സി. ജോസഫ്, ഡോ. അനിരുദ്ധന്റെ മക്കളായ അരുൺ അനിരുദ്ധനും ഡോ. അനൂപ് അനിരുദ്ധനും, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ IAS സ്വാഗതവും, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.