എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

കൊച്ചി : സഞ്ജു സാംസനെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനു പിന്നാലെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍.

അസോസിയേഷനെതിരെ സത്യവിരുദ്ധമായതും, അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാതുവയ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ ഇതിനെ ചെറുക്കുകയും ചെയ്തിരുന്നു. വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നും കുറ്റം നിലനില്‍ക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ അവസരം നല്‍കിയെന്നും കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികള്‍ ശ്രീശാന്തിനോട് തിരിച്ചടിച്ചു.

എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ശ്രീശാന്തിനെതിരായ തീരുമാനം. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശ്രീശാന്ത് ഒഴികെ തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് നടപടിയില്ലെന്നും കെസിഎ അറിയിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24X 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കുമെന്നും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide