കൊച്ചി: കോൺഗ്രസ് പുറത്താക്കിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ഹർജിയിൽ വാദിക്കുന്നു. ഗുരുതരമായ ബലാത്സംഗ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധിയെന്ന നിലയിൽ പ്രതി തെളിവുകളെ സ്വാധീനിക്കാനോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അപ്പീൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച കോടതി, പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പരാതി നൽകാനുള്ള കാലതാമസവും ചൂണ്ടിക്കാട്ടി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷവും ഇരുവരും തമ്മിൽ സൗഹൃദപരമായ ചാറ്റുകൾ നടത്തിയതും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ നിരീക്ഷണങ്ങൾ തെറ്റാണെന്നും ആരോപണങ്ങൾ ഗൗരവതരമാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നെങ്കിലും രണ്ടാം കേസിലെ ജാമ്യത്തിനെതിരായ നീക്കം അന്വേഷണത്തെ ശക്തമാക്കുമെന്നാണ് സൂചന. പ്രതി സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കസ്റ്റഡിയൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിൽ പോലീസ് പരാതി നൽകാതെ കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതും സർക്കാർ ഹർജിയിൽ ചോദ്യം ചെയ്യുന്നു.
അപ്പീൽ ഹൈക്കോടതി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നിലയിലാണ്. കേസുകളിലെ അന്വേഷണം ക്രൈംബ്രാഞ്ച് തുടരുന്നു.









