കേരളയിലെ സർക്കാർ vs ഗവർണർ പോരിൽ മഞ്ഞുരുകുന്നു, മന്ത്രിയും വിസിയും കൈകൊടുത്തു, ഡൽഹിയിൽ നിന്നെത്തിയാൽ മുഖ്യമന്ത്രി ഗവർണറെ കാണും, എസ്എഫ്ഐ സമരം നിർത്തി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആളിക്കത്തിയ ‘ഗവർണർ – സർക്കാർ’ പോരിന് പരിഹാരമാകുന്നു. ഭാരതാംബ വിവാദത്തിന് പിന്നാലെ തുടങ്ങിയ സർവകലാശാലയിലെ വൈസ് ചാൻസലർ – രജിസ്ട്രാർ തർക്കമടക്കം ഒത്തുതീർപ്പിലേക്കെത്തുകയാണ്. ഇതിന്റെ ഭാ​ഗമായി വി സി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറു‌ടെ നിർദേശ പ്രകാരമാണ് വി സി മന്ത്രിയുമായി കൂ‌‌ടിക്കാഴ്ച ന‌ടത്തിയതെന്നാണ് വ്യക്തമാകുന്നത്.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും. ഇതിനിടെ സി പി എം നിർദേശത്തെ തുടർന്ന് വി സിക്ക് എതിരായ സമരം എസ് എഫ് ഐ അവസാനിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി സംസാരിച്ചതോടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാലയിലെത്തിയിരുന്നു. വിസിയുമായും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ആർ ബിന്ദു നടത്തിയ ചർച്ചയിൽ, അടിയന്തര സിൻഡിക്കേറ്റ് വിളിക്കാൻ തീരുമാനമായി. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയിൽ യോഗത്തിന് മുമ്പ് സമവായമുണ്ടാക്കാനാണ് ശ്രമം. ഇതിന് പിന്നാലെ കേരള സർവകലാശാല പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിക്കുകയും ചെയ്തു.

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിന് പിന്നാലെ, രജിസ്ട്രാർ അനിൽ കുമാറിനെതിരെ വി സിയെടുത്ത സസ്പെൻഷൻ നടപടിയിൽ, എന്ത് തീരുമാനമുണ്ടാകും എന്നാണ് ആകാംക്ഷ. സമവായത്തിന്‍റെ ഭാഗമായി വിസിക്ക് വഴങ്ങി സസ്പെൻഷൻ അംഗീകരിക്കേണ്ടി വന്നാൽ എസ്എഫ്ഐക്കും സിൻഡിക്കേറ്റിനും തിരിച്ചടിയാകും. ഭാരതാംബ വിഷയത്തിലെ സിപിഎം നിലപാടും ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

Also Read

More Stories from this section

family-dental
witywide