
തിരുവനന്തപുരം: കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (കെടിയു) താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി അതിവേഗതയിൽ സംസ്ഥാന സർക്കാർ മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഗവർണർ അപ്പീൽ നൽകുന്നതിന് മുമ്പാണ് സർക്കാരിന്റെ ഈ നീക്കം. ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിൽ താത്കാലിക വിസി നിയമനത്തിന് സർക്കാർ നൽകുന്ന പാനലിൽ നിന്ന് തിരഞ്ഞെടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഗവർണർ അപ്പീലിന് പോകും മുൻപാണ് സർക്കാർ പട്ടിക നൽകിയത്.
താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടരുതെന്നും, സ്ഥിരം വിസിമാരുടെ അഭാവം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കോടതി ഓർമിപ്പിച്ചിരുന്നു. സർവകലാശാലകളിലെ പ്രധാന പദവികളിൽ സർക്കാരിനോ ചാൻസലർക്കോ അധികാരമെന്ന തർക്കങ്ങൾക്കിടെ വന്ന ഈ വിധി, നിലവിലെ ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസിമാരായ ഡോ. സിസ തോമസിനെയും ഡോ. എ. ശിവപ്രസാദിനെയും പദവിയിൽ നിന്ന് നീക്കുന്നതായിരുന്നു.