
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഓണാവധിക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഈ മാസം 24-ന് നഗരത്തിലെ ബാറിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന്റെ തുടക്കം. ലക്ഷ്മി മേനോനും സുഹൃത്തുക്കളും കാറിൽ പിന്തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാണ് പരാതി. നടിയുടെ ഒപ്പമുണ്ടായിരുന്ന അനീഷ്, മിഥുൻ, സോനാമോൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ഭയന്ന് ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സ്വീകരിച്ച കോടതി, ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർദേശം നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.