‘മുൻ മുഖ്യമന്ത്രിയുടെ മകനെന്ന രാഷ്ട്രീയ സ്വാധീനത്തിലുള്ള നിയമനമോ?’, വിഎസിന്‍റെ മകൻ അരുൺ കുമാറിന്‍റെ ഐഎച്ച്ആർഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ ഐ എച്ച് ആർ ഡി തത്കാലിക ഡയറക്ടറാക്കിയുള്ള നിയമനത്തിനെതിരെ കേരള ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ നിയമനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. നിയമന പ്രക്രിയയിൽ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, സുതാര്യവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.

മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നടക്കം ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. വി എ അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഐ എച്ച് ആർ ഡി ഡയറക്ടർ പദവി സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യു ജി സി മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐ എച്ച് ആർ ഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമനത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിക്കണമെന്നും കോടതി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാവുന്ന ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വി എ അരുൺ കുമാറിന്റെ നിയമനം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നടത്തിയതെന്ന ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ ഉത്തരവ് സർക്കാരിന് കർശന മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide