
കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് സി പി എമ്മിന്റെ വിപ്ലവഗാനം പാടിയതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും ഹൈക്കോടതി പറഞ്ഞു. ഗസല്‍ ഗായകനായ അലോഷി ആദം അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ‘പുഷ്പനെ അറിയാമോ’ എന്ന തടക്കം പാട്ടുകള്‍ പാടിയതും ഈ സമയത്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും ബാനറുകളും മറ്റും കാണിക്കുകയും ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ച് വിപ്ലവഗാനം പാടിയതിനെതിരെയും ക്ഷേത്രത്തില്‍ ആചാരലംഘനമുള്‍പ്പെടെ ആരോപിച്ചും അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായി ക്ഷേത്രസമിതി നടപടികളെ വിമര്‍ശിച്ചത്.