സിനിമ കണ്ടിരുന്നോ? എമ്പുരാൻ തടയണമെന്നാവശ്യപ്പെട്ട ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് ഹൈക്കോടതിയുടെ ചോദ്യം; ഹർജി സ്വീകരിച്ചു, പ്രദർശനം തുടരാം

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രമായ എമ്പുരാന്‍റെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തളളി. ഹർജിക്കാരനായ തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷിന്‍റെ ഉദ്ദേശ ശുദ്ധിയിലടക്കം സംശയം പ്രകടപിച്ച കോടതി രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം തള്ളിയത്. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന ചോദ്യമടക്കം സിംഗിൾ ബെഞ്ച് ഉന്നയിച്ചു. അടിയന്തരമായി പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയെങ്കിലും വിജീഷിന്‍റെഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്. ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്‍ജിക്കാരൻ മറുപടി നൽകി. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സിനിമയുടെ പേരിൽ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ പ്രശസ്തിക്കുവേണ്ടിയുളള ഹർജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.

വിഷയത്തിൽ കേന്ദ്രസർക്കാരിനും സെൻസർ ബോ‍ർ‍ഡിനും നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. എന്നാൽ എതിർകക്ഷികളായ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകരെ നടപടികളിൽ നിന്ന് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. ലോകത്ത് എവിടെയും സിനിമയുടെ പേരിൽ കേസ് എടുക്കേണ്ടി വന്നിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.

Also Read

More Stories from this section

family-dental
witywide