
കൊച്ചി: അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകിയ ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കളമശേരി മെഡിക്കൽ കോളജിന് മൃതദേഹം കൈമാറിയ നടപടി ശരിവച്ചത്. 2024 സെപ്റ്റംബർ 21ന് മരണപ്പെട്ട ലോറൻസിന്റെ മൃതദേഹത്തെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിന് ഇതോടെ താൽക്കാലിക വിരാമമായി.
ഹർജിക്കാർ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ലോറൻസ് ആഗ്രഹിച്ചിരുന്നുവെന്ന് തെളിയിക്കാനുള്ള വീഡിയോയിൽ ചിത്രീകരണ തീയതി പോലും പരാമർശിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ വാദങ്ങളും തെളിവുകളും പരിശോധിച്ചപ്പോൾ പുനഃപരിശോധന നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
മരണശേഷം മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന് ലോറൻസ് തന്നെ ആഗ്രഹിച്ചിരുന്നതായി മകൻ എം.എൽ. സജീവൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മകൾ ആശയും സഹോദരി സുജാത ബോബനും ക്രിസ്തീയ ആചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളജ് അഡ്വൈസറി കമ്മിറ്റി മൃതദേഹം പഠനത്തിന് വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ഹർജി നൽകിയെങ്കിലും ആശ്വാസമുണ്ടായില്ല. അധികൃതരുടെ തീരുമാനത്തിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. ഇതോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുന്ന നടപടി പൂർത്തിയാകും.















