
ഡാലസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സസ് (കെഎച്ച്എസ്എൻടി) ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തം മുതൽ തിരുവോണം വരെ പൂക്കളം തീർത്താണ് ക്ഷേത്രം ഓണാഘോഷത്തിന് ഒരുങ്ങിയത്.

തിരുവോണ ദിവസം ചന്ദന മുഖക്കാപ്പ് അണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങൾ അൻപൊലിയും, ചുറ്റുവ വിളക്കും പ്രത്യേക പുഷ്പാഞ്ജലിയും അർപ്പിച്ച് അനുഗ്രഹം നേടി. പൂജാരിമാരായ കാരക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കല്ലൂർ വാസുദേവൻ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.

ഈ മാസം ആറിന് വിപുലമായ ഓണാഘോഷം കെഎച്ച്എസ്എൻടി കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും സംഘടിപ്പിച്ചു. സ്വാമി ബോധാനന്ദ ഭഗവാന് മുൻപിൽ തിരി തെളിയിച്ച ശേഷം ഓണസദ്യ വിളമ്പി. കലവയ്ക്ക് ട്രസ്‌റ്റി സെക്രട്ടറി ടി. എൻ. നായരും വൈസ് ചെയർ രമണി കുമാറും, ട്രഷറർ രമേശ് കുട്ടാട്ടും നേതൃത്വം നൽകി.

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രസ്റ്റി ചെയർമാൻ സതീഷ് ചന്ദ്രനും പ്രസിഡൻ്റ് വിപിൻ പിള്ളയും, സെക്രട്ടറി ജലേഷ് പണിക്കരും, ട്രസ്‌റ്റി മെമ്പർ രാമചന്ദ്രൻ നായരും ചേർന്ന് നിർവ്വഹിച്ചു.

മഹാബലിയെ ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് സ്വാഗതം ചെയ്തു. സ്റ്റേജിൽ നടന്ന കലാപരിപാടികൾക്ക് കൾച്ചറൽ കമ്മിറ്റി ലീഡ് ബോർഡ് മെമ്പർ ഹെന വിനോദ് നേതൃത്വം നൽകി.



പ്രധാന ആകർഷണമായി പാർത്ഥസാരഥി വള്ളവും ഉണ്ടായി. കൂടാതെ സംഘഗാനം, വള്ളപ്പാട്ട്, വഞ്ചി തുഴയൽ, വടംവലി തുടങ്ങിയവയുമുണ്ടായി. ട്രസ്‌റ്റി മെമ്പർ വിനോദ് നായർ,ബോർഡ് മെമ്പർ രഞ്ജിത് നായർ, ബോർഡ് മെമ്പർ സുജ ഇന്ദിര എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.