
ഡൽഹി: കേരളത്തിലെ 518 പോലീസ് സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 12 സിസിടിവി ക്യാമറകൾ വീതം സ്ഥാപിക്കൽ പൂർത്തിയാക്കിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 483 എണ്ണം ക്രമസമാധാന പോലീസ് സ്റ്റേഷനുകളാണ്. 14 വനിതാ സ്റ്റേഷനുകൾ, 13 റെയിൽവേ സ്റ്റേഷനുകൾ, 10 തീരദേശ സ്റ്റേഷനുകൾ എന്നിവയും ഉൾപ്പെടും. നിലവിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ലെന്നും വൈകാതെ സ്ഥാപിക്കുമെന്നും കേരളം വ്യക്തമാക്കി.
ഓരോ സ്റ്റേഷനിലെയും 12 ക്യാമറകൾ ഇൻസ്പെക്ടറുടെ മുറി, സബ് ഇൻസ്പെക്ടറുടെ മുറി, ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷൻ, പ്രവേശന കവാടം, പിൻഭാഗം തുടങ്ങിയ പ്രധാന സ്ഥലങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നവയാണ്. രാത്രികാലങ്ങളിലും പൂർണമായി പ്രവർത്തിക്കുന്ന ഈ ക്യാമറകൾ ശബ്ദവും ദൃശ്യവും ഒരുമിച്ച് റെക്കോർഡ് ചെയ്യും. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ തിരിച്ചറിയാൻ കഴിയുന്ന സംവിധാനവുമുണ്ട്.
ഓരോ സ്റ്റേഷനിലും 8 ടിബി ശേഷിയുള്ള 16 ഹാർഡ് ഡിസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഒന്നര വർഷത്തിലേറെ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. 20 സൈബർ സ്റ്റേഷനുകൾ ഉൾപ്പെടെ ബാക്കിയുള്ള 28 സ്റ്റേഷനുകളിലും സിസിടിവി സ്ഥാപനം അതിവേഗം പുരോഗമിക്കുകയാണ്.
സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. സി.കെ. ശശി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള സുപ്രീം കോടതി മാർഗനിർദേശങ്ങൾ കേരളം കൃത്യമായി നടപ്പാക്കിയെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.













