
ആലപ്പുഴ: ക്രിസ്തുമസും ന്യൂഇയറും അടുക്കവെ കേരളത്തിൽ വീണ്ടും പക്ഷിപ്പനി ഭീതി ഉയരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ വീണ്ടും പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചിട്ടുണ്ട്. സംശയം തോന്നിയ ഇടങ്ങിളിൽ നിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിലെ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നീ 8 പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നെടുമുടിയിൽ കോഴികളിലും മറ്റ് പഞ്ചായത്തുകളിൽ താറാവുകളിലുമാണ് രോഗബാധ.
കോട്ടയം ജില്ലയിലെ മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, കുറുപ്പന്തറ, വേളൂർ എന്നീ 4 വാർഡുകളിൽ രോഗം സ്ഥിരീകരിച്ചു. ഇവിടെ കാട, കോഴി എന്നിവയ്ക്കാണ് രോഗം ബാധിച്ചത്.
മൃഗസംരക്ഷണ വകുപ്പ് രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾക്കും ജാഗ്രതയ്ക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും.
പക്ഷികളിൽ അസാധാരണമായ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ അറിയിക്കണം. പക്ഷികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും വേണം.
Kerala is again in fear of bird flu; Disease confirmed in Alappuzha and Kottayam district.














