
കൊച്ചി: കേരളം വിടുമെന്ന് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുന്നുണ്ടെന്ന വ്യവസായ മന്ത്രി പി രാജീവിന്‍റെ പരാമർശത്തെ വിമർശിച്ച് കിറ്റക്‌സ് എം ഡി സാബു ജേക്കബ് രംഗത്ത്. വ്യവസായ മന്ത്രിയെയും കേരള സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച സാബു ജേക്കബ് കേരളം ആരുടെയും പിതൃ സ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അഭിപ്രായപ്പെട്ടു. കേരളസര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരും എല്ലാവരുംകൂടി ഒന്നിച്ചുനിന്ന് കിറ്റക്‌സിനെ ആക്രമിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. കിറ്റക്സ് ആന്ധ്രയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രി പി രാജീവിന്‍റെ പ്രതികരണത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രൂക്ഷ വിമർശനം.
സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു. കിറ്റക്സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാർക്കും അറിയാം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ അന്ന് മുതൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ഒരുമിച്ച് ആക്രമിച്ചെന്നും സാബു പറഞ്ഞു. റിസ്കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവ്. എന്റെ പിതാവും ഞാനും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റെക്സ്. എവിടെ വ്യവസായം നടത്തണം, എപ്പോള്‍ തുടങ്ങണം എന്നത് തീരുമാനിക്കുന്നത് താനാണെന്നും സാബു ജേക്കബ് വിവരിച്ചു.
മനഃസമാധാനം കിട്ടാൻ അവനവൻ തന്നെ വിചാരിക്കണമെന്ന രാജീവിന്റെ പ്രതികരണത്തിനും സാബു മറുപടി പറഞ്ഞു. മനഃസമാധാനം കിട്ടണമെങ്കില്‍ ഞാന്‍ വിചാരിക്കണം എന്ന് പറയുന്നതിന് വലിയൊരു അര്‍ഥമുണ്ട്. വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ടാല്‍ എനിക്ക് മനഃസമാധാനം ഉറപ്പാണ്. അത് എനിക്കും അറിയാം. അങ്ങനെ ഒരു മനഃസമാധാനം ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സാബു കൂട്ടിച്ചേർത്തു. അതിന് ആരുടെയും ഔദാര്യം എനിക്ക് ആവശ്യമില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ചുണ്ടാക്കിയ സ്വത്താണത്. അത് എപ്പോൾ നിര്‍ത്തണം എപ്പോൾ പോകണം എന്ന് ഞാന്‍ തീരുമാനിക്കുമെന്നും കിറ്റക്സ് എം ഡി പറഞ്ഞു. ഇടതുമുന്നണി തന്‍റെ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടാന്‍ 565 സമരം നടത്തി. അവസാനം ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദേശമനുസരിച്ച് സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് ചൂണ്ടികാട്ടി.










