തദ്ദേശ പോരാട്ടം: ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് കെ.സി വേണുഗോപാൽ, ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല, മുൻകാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: രാവിലെ ഏഴുമുതൽ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് മൂന്നരമണിക്കൂർ പിന്നിട്ട് പുരോഗമിക്കുന്നു. സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ ഈ ജില്ലകളിലെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി. എതിർപക്ഷത്തിന് വിമർശനത്തിൻ്റെ കൂരമ്പുകൾ എയ്താണ് നേതാക്കളുടെ പ്രതികരണം വന്നത്.

യു ഡി എഫിന് അനുകൂലമായ സാഹചര്യമെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രതികരണം. ആലപ്പുഴ കൈതവന പള്ളി ഓഡിറ്റോറിയത്തിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും സർക്കാരിനോട് ജനങ്ങൾക്ക് മടുപ്പുണ്ടെന്നും, അത് വോട്ടിംഗിൽ പ്രകടമാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

എൽ ഡി എഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി പ്രസാദ്

മുൻകാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമുണ്ടെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. ചിലയിടങ്ങളിൽ യു ഡി എഫ് – ബി ജെ പി ബാന്ധവം. ഇരുകൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് ഈ ബന്ധമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

യു ഡിഎ ഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

ശബരിമല കൊള്ളയിൽ ജനം കടുത്ത പ്രതിഷേധത്തിലാണെന്നും അയ്യപ്പനോട് കളിച്ചവർ ആരും രക്ഷപെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നാളെ എസ് ഐ ടിക്ക് മുന്നിൽ ഹാജരായി മൊഴി നൽകുമെന്നും അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം വിറ്റുവെന്ന് തന്നോട് പറഞ്ഞയാൾ ആരെന്ന് നാളെ വ്യക്തമാക്കുമെന്നും വോട്ടെടുപ്പ് ദിനത്തിൽ ചെന്നിത്തല തുറന്നടിച്ചു. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ്-ബി ജെ പി സഖ്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. മണ്ണാറശാല യു പി സ്കൂളിലെ ബൂത്തിൽ കുടുംബവുമായെത്തിയായിരുന്നു രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്.

Kerala local body election update.

More Stories from this section

family-dental
witywide