
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ട് വിഹിത കണക്കുകൾ പുറത്തുവന്നു. യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് 29.17 ശതമാനം വോട്ട് നേടി മുന്നിലെത്തി. 8 ജില്ലകളിൽ (തൃശൂർ മുതൽ തിരുവനന്തപുരം വരെ) 30 ശതമാനത്തിലധികം വോട്ട് സ്വന്തമാക്കിയ കോൺഗ്രസിന് വടക്കൻ ജില്ലകളിൽ മുന്നേറ്റമുണ്ടായെങ്കിലും ഈ നേട്ടം ആവർത്തിക്കാനായില്ല.
എൽഡിഎഫിന്റെ മുഖ്യഘടകമായ സിപിഎം 27.16 ശതമാനം വോട്ട് നേടിയെങ്കിലും 30 ശതമാനം കടന്നത് കണ്ണൂർ, പാലക്കാട് ജില്ലകളിൽ മാത്രം. ബിജെപി സംസ്ഥാനത്ത് 14.76 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. 20 ശതമാനത്തിലധികം വോട്ട് ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ മാത്രം; കോർപ്പറേഷനിൽ ചരിത്ര വിജയമായ 50 സീറ്റുകൾ നേടിയതാണ് ഇതിന് കാരണം.
മുസ്ലിം ലീഗ് 9.77 ശതമാനവും സിപിഐ 5.58 ശതമാനവും വോട്ട് നേടി. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ യുഡിഎഫിന്റെ വൻ വിജയത്തിൽ ലീഗിന്റെ സ്വാധീനം നിർണായകമായി. മൊത്തത്തിൽ യുഡിഎഫ് മുന്നണി ശക്തമായ മടങ്ങിവരവ് നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.















