
തിരുവനന്തപുരം: കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സംസ്ഥാനത്ത് കേരളം 4.65 ശതമാനം വളർച്ച നേടി. കർഷകൻ്റെ വരുമാനത്തിൽ 50 ശതമാനം വരുമാനം വർദ്ധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി. മിഷൻ 2026 എന്ന പേരിൽ ആവിഷ്കരിച്ച ഹ്രസ്വകാല കാർഷിക പദ്ധതിയും ദീർഘകാല പദ്ധതിയായ മിഷൻ 2033-ഉം ഇതിന് ഏറെ സഹായകരമായി. സമഗ്ര കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചു. നെല്ലിൻ്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3108 കിലോ ആയി വർദ്ധിപ്പിക്കാനും കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54 ശതമാനം വളർച്ച കൈവരിക്കാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചു. പച്ചത്തേങ്ങ സംഭരണം 6.28 ലക്ഷം
ടണ്ണിൽ നിന്നും 17.20 ലക്ഷം
ടണ്ണായി വർദ്ധിച്ചതായും
മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിപണി അനിശ്ചിതത്വവും വന്യമൃഗ ആക്രമണങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും മൂല്യവർദ്ധിത ഉൽപാദനരംഗത്ത് മാറ്റം കൊണ്ടുവരുന്നതിനുമായി ലോകബാങ്കിൻ്റെ സഹകരണത്തോടെ
2365 കോടി രൂപയുടെ കേര പദ്ധതി നടപ്പിലാക്കുകയാണ്. നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്ത് ലക്ഷം കർഷകർക്ക് പരോക്ഷമായും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40 വർഷങ്ങൾക്ക് ശേഷമാണ് ലോകബാങ്കിൻ്റെ ബൃഹദ് പദ്ധതി കാർഷികമേഖലയ്ക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കാർഷിക കലണ്ടറിൽ മാറ്റം വരുത്തി ക്രിയാത്മകമായ ചർച്ചയിലൂടെയും നൂതന കൃഷി രീതിയിലൂടെയും കാർഷിക മേഖലയെ മുന്നോട്ടു കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു . നൂതന സാങ്കേതികവിദ്യകൾ കൂടി സംയോജിപ്പിച്ച ഇടപെടലുകളാണ് കാർഷികമേഖലയിൽ സർക്കാർ നടത്തുന്നത്. 150 ലധികം അഗ്രിടെക് സ്റ്റാർട്ട്അപ്പുകൾക്ക് തുടക്കമിടാൻ കഴിഞ്ഞു. മൂല്യവർദ്ധിത ഉത്പന്ന മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുവാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. കാർഷികമൂല്യ ഉത്പന്നങ്ങളെ ഒരു ബ്രാൻഡ് ആക്കി ഒരു കൃഷിഭവൻ ഒരു മൂല്യ വർധിത ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ടുപോകുന്നു. ഇതുവഴി 200ലധികം മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണനത്തിന് തയ്യാറാക്കാനായി.
വന്യമൃഗ ശല്യം തടയേണ്ട കാര്യം തന്നെയാണ്. എന്നാൽ, സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രം ഇക്കാര്യത്തിൽ പൂർണ്ണത കൈവരിക്കാൻ ആവില്ല. കേന്ദ്ര നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്.
കൂടാതെ സംസ്ഥാന സർക്കാരിന് പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചു. പരമ്പരാഗത കൃഷി രീതികളും ആധുനിക കൃഷികളും സംയോജിപ്പിച്ച് നടപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജീവിതത്തിന്റെ നിലനിൽപ്പിന് കർഷകർ അത്യാവശ്യ ഘടകമാണെന്നും കൃഷിവകുപ്പിന്റെ ദിനമല്ല കർഷകരുടെ ദിനമാണ് ചിങ്ങം ഒന്നെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
കൃഷിയിൽ ജീവിതം സമർപ്പിച്ചവരാണ് കർഷകർ, അവർക്ക് പിന്തുണയും പിൻബലവും നൽകുന്ന ദിനം കൂടിയാണ് കർഷകദിനം. കർഷകൻ തളരുന്നത് നമ്മുടെ സമൂഹത്തെ തളർത്തും.
കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർകരുടെ ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കർഷകനല്ല വിപണിയാണ് നിശ്ചയിക്കുന്നതെന്നും അതിന് മാറ്റം വരണമെന്നും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്.
കൃഷിയിൽ ആധുനികതയെയും സാങ്കേതികവിദ്യകളേയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്തി കൂടുതൽ സ്മാർട്ട് ആക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജെൻസും ഇന്റർനെറ്റ് ഓഫ് തിങ്‌സും സാങ്കേതിക രംഗത്തേക്ക് കടന്നുവരികയാണെന്നും കൃഷിയിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിത്തുകൾ വിതയ്ക്കാനും 40 ശതമാനത്തിലധികം വിത്തുകൾ ലാഭിക്കുവാനും മികച്ച വിളവെടുപ്പ് നേടാനും നമുക്ക് കഴിഞ്ഞു. കൃഷിയും കൃഷിയിടങ്ങളും സ്മാർട്ട് ആകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി സംഗീത എ ആർ എന്നിവരെ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ വേദിയിൽ ആദരിച്ചു.
കർഷകരുടെ നാടാണ് കേരളമെന്നും കർഷകരാണ് കേരളത്തിലെ യഥാർത്ഥ ബ്രാൻഡ് അംബാസിഡർമാരെന്നും മൂല്യ വർദ്ധനവിലൂടെ കൃഷിയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് കർഷകരെ സർക്കാർ സഹായിച്ചു എന്നും മന്ത്രി കെ രാജൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനായി രണ്ടായിരം കോടിയിലധികം രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ച് കൃഷിവകുപ്പ് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ഹരിതഗാഥ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു.
പാടശേഖരങ്ങളിലും കൃഷിയിടങ്ങളിലും നിരവധി അടിസ്ഥാന സൗകര്യ രൂപീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നാടിന്റെ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്യുന്നതിനും സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. കൃഷിഭവനുകൾ സ്മാർട്ട് ആക്കുന്നതിനും, സംയോജിത കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനും വളരെ സമർത്ഥമായ നിലയിൽ കൃഷി വകുപ്പ് നേതൃത്വം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മേയർ എം. കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എൻ.കെ അക്ബർ, എ.സി മൊയ്തീൻ, മുരളി പെരുനെല്ലി, യു. ആർ പ്രദീപ്, സനീഷ് കുമാർ ജോസഫ്, വി.ആർ സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി. ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കാർഷിക ഉത്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ, സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
കേര പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ ഇന്ത്യൻ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ സി പ്രകാശൻ, കേര റീജിയണൽ സെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോസഫ് ജോൺ തെറാട്ടിൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രാവിലെ വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിച്ച ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കും കുറിച്ചത്.