ഇവിടെയല്ല ഡൽഹിയിലാണ് മുടിമുറിക്കേണ്ടത്, വെട്ടിയ മുടി കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രത്തിൽ എത്തിക്കണമെന്നും ശിവൻകുട്ടി; 60 ശതമാനം അയക്കാമെന്ന് ആശമാരുടെ മറുപടി, ‘ബാക്കി കേരളത്തിന്’

തിരുവനന്തപുരം: പെരുന്നാൾ ദിനത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ മുടി മുറിക്കലും തല മുണ്ഡനവും നടത്തിയുള്ള ആശമാരുടെ സമരത്തിനെതിരെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. സെക്രട്ടേറിയറ്റിനു മുന്നിലല്ല ഡൽഹിയിലാണ് തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടതെന്നാണ് ശിവൻകുട്ടി പറഞ്ഞത്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ശിവൻകുട്ടി വിവരിച്ചു. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതിനിടെ ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ആശമാർ രംഗത്തെത്തി. സംസ്ഥാന തൊഴിൽ മന്ത്രി ഇത്തരം പ്രസ്താവനകൾ നിർത്തണം. തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ലെന്നും ആശാ സമരസമിതി നേതാവ് എം എ ബിന്ദു പറഞ്ഞു. മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

ശിവൻകുട്ടിയുടെ കുറിപ്പ് പൂർണരൂപത്തിൽ

സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണ്. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങൾ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആർജ്ജവമുണ്ടെങ്കിൽ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണം. ആശ കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ, ഇൻസെന്റീവ് നൽകുന്നതിൽ 60% കേന്ദ്രവും 40% സംസ്ഥാനവും ഫണ്ട് നൽകുന്നു.3,000 രൂപയായി നിശ്ചയിച്ച ഫിക്സഡ് ഇൻസെന്റീവ് തുകയിൽ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. കൂടാതെ, കേരള സർക്കാർ 7,000 രൂപയുടെ ഓണറേറിയം കൂടി നൽകുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം അല്ലാതെ, കേന്ദ്രം പങ്ക് നൽകുന്ന ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന ആവശ്യം സമരക്കാർ പറയുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ആശാവർക്കർമാർക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സർക്കാരാണ്. യു ഡി എഫ് സർക്കാരിന്റെ കാലയളവിൽ 1,000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 7,000 രൂപയായി വർദ്ധിപ്പിച്ചു.
ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകൾ പ്രകാരം, ജോലിചെയ്യുന്ന ആശാവർക്കർമാർക്ക് ടെലഫോൺ അലവൻസ് ഉൾപ്പെടെ 13,200 രൂപ വരെ ലഭ്യമാണ്, അതിൽ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും ഓർക്കണം.

More Stories from this section

family-dental
witywide