
തിരുവനന്തപുരം: കേരളത്തിന്‍റെ പ്രിയ നേതാവ് വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര നൊമ്പരക്കടലിലൂടെ ജന്മനാടായ ആലപ്പുഴയിലേക്ക് നീങ്ങുന്നു. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസാഗരത്തിനിടയിലൂടെ ജനകീയ നേതാവിന്റെ വിലാപയാത്ര നാലാം മണിക്കൂറിൽ 7 കിലോമീറ്റർ ദുരം മാത്രമാണ് പിന്നിട്ടത്. തെരുവോരങ്ങളാകെ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ജനപ്രവാഹം കാരണം വളരെ പതിയെയാണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്. കെ എസ് ആർ ടി സിയുടെ പ്രത്യേക ബസിലാണ് വി എസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്നത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ഭൗതികശരീരം 2 മണിക്ക് പിന്നാലെ വാഹനത്തിലേക്ക് കയറ്റി. നിലവിലെ സ്ഥിതിയിൽ, വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാൻ അർധരാത്രിയാകും.
നെഞ്ചുലയ്ക്കുന്ന മുദ്രാവാക്യങ്ങളോടെയാണ് കേരളത്തിൻ്റെ സമരപുത്രന്, വിപ്ലവ നായകന് തലസ്ഥാനം വിട നൽകുന്നത്. സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചത്. ഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വി എസിന്റെ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
വി എസിനെ അവസാനമായി കാണാൻ ദർബാർ ഹാളിലേക്ക് ജനപ്രവാഹമായിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഇന്നലെ മുതൽ വി എസിനെ കാണാനായി തലസ്ഥാനത്തേക്ക് എത്തിയത്. നിരവധി അനവധി പേരാണ് ഇന്നലെ മുതൽ വി എസിനെ കാണാനെത്തിയത്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ, മറ്റു പാർട്ടി നേതാക്കൾ, മത നേതാക്കന്മാർ, വിവിധ മേഖലകളിലെ പ്രമുഖർ, അതിനേക്കാൾ വി എസ് ചേർത്തു പിടിച്ച വി എസിനെ ചേർത്തുപിടിച്ച സാധാരണക്കാരിൽ സാധാരണക്കാർ അത്തരത്തിൽ നിരവധി പേർ കടലുപോലെയാണ് വി എസിനെ കാണാൻ ദർബാർ ഹാളിലേക്ക് എത്തിയത്.