
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരളത്തിന് തീരാനോവായി രഞ്ജിത ഗോപകുമാർ. ലണ്ടനിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിതയുടെ ജീവനും എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനാലാണ് പത്തനംതിട്ടയിലെത്തിയത്. നാട്ടിലെ സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തമുണ്ടായത്.
ലണ്ടനിലേക്ക് മടങ്ങാനായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. ദുരന്തത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ രഞ്ജിതയുണ്ടായിരുന്നെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണ വാർത്തയും കളക്ടർ സ്ഥിരീകരിച്ചത്.
രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോകവെയാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. രഞ്ജിതക്ക് അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് ഉള്ളത്. നാടിനെയാകെ തീരാ നൊമ്പരത്തിലാക്കിയിരിക്കുകയാണ് രഞ്ജിതയുടെ അമ്മയുടെയും മക്കളുടെയും കണ്ണീർ.