
കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവര്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി സജി ചെറിയാന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്. എപ്പോള്‍ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തില്‍ കണ്ടപ്പോഴാണ് അവര്‍ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥ വന്നപ്പോള്‍ കടലാക്രമണ പ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കാനും സര്‍ക്കാര്‍ തയാറാകാതെ വന്നപ്പോഴാണ് കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയെ പോലെ സജി ചെറിയാന്‍ ആകാമോ? മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാട്ടാന്‍ പാടില്ലെന്നാണോ? കരിങ്കൊടി പ്രതിഷേധത്തിന്റെ സൂചനയാണ്. കരിങ്കൊടി കാട്ടിയാല്‍ ആ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികളൊക്കെ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം പാളുകയാണെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് വിവിധ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളജുകളില്‍ നിന്നും വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ആരോഗ്യരംഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്ന് ബോധ്യമായിരിക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമം അതീവ രൂക്ഷമായുണ്ട്. സര്‍ജറി കഴിഞ്ഞാല്‍ തുന്നാനുള്ള നൂല് പോലും രോഗി വാങ്ങിക്കൊണ്ടു വരണം. കെട്ടിടത്തിന് മുകളില്‍ നിന്നും വീണയാളുടെ ചികിത്സയ്ക്ക് 88000 രൂപ നല്‍കേണ്ടി വന്നു. ഓപ്പറേഷന്‍ നടത്തണമെങ്കില്‍ അങ്ങോട്ട് കാശ് നല്‍കേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രിയില്‍ വാങ്ങിക്കുന്ന വേഗതയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ഇത് തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. ഇക്കാര്യം പ്രതിപക്ഷം നിരന്തരമായി പറഞ്ഞതാണ്. ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ആശുപത്രികള്‍ ഇന്‍ഡന്റ് നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ നിന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ച് സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല. പ്ലാന്‍ ഫണ്ട് പോലും വെട്ടിക്കുറയ്ക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നും ധനപ്രതിസന്ധി ഉണ്ടെന്ന് പറയുന്നത് വികസന വിരോധികളാണെന്നുമാണ് നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പറഞ്ഞത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നത് യാഥാര്‍ത്ഥ്യമാണ്. അത് പരിഹരിക്കുന്നതിന് പകരം ന്യായീകരണങ്ങളും പി.ആര്‍ മനേജ്‌മെന്റ് പരിപാടികളുമായി നടക്കുകയാണ്. ആരോഗ്യരംഗത്തെ നശിപ്പിച്ചതിന്റെ പ്രധാന കാരണം ഇല്ലാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചു കാട്ടിയ പി.ആര്‍ വര്‍ക്കാണ്. അധികകാലം ജനങ്ങളെ കബളിപ്പിക്കാനാകില്ല. ആരോഗ്യ രംഗത്തെ തകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായി ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. പണം ഇല്ലെങ്കില്‍ പി.എസ്.സി അംഗങ്ങളുടെ പെന്‍ഷനും ശമ്പളവും കൂട്ടിയതെന്നും സതീശൻ ചോദിച്ചു.
മന്ത്രിയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റവാഡ ചന്ദ്രശേഖരന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത്. എം.വി രാഘവനെ കൊലപ്പെടുത്താനാണ് സി.പി.എം അന്ന് ശ്രമിച്ചത്. അന്ന് സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരെ സമരം നടത്തിയ സി.പി.എമ്മാണ് മാപ്പ് പറയേണ്ടത്. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല നിയമം പാസാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തല എന്നെക്കുറിച്ചല്ല പരാതി പറഞ്ഞത്. ഏതോ മാധ്യമങ്ങള്‍ പറയുന്നുവെന്നാണ്. നിങ്ങള്‍ തന്നെ വി.ഡി സതീശന്‍ ക്യാപ്ടനാണെന്ന് പറയും. എന്നിട്ട് രമേശ് ചെന്നിത്തലയോട്, വി.ഡി സതീശന്‍ ക്യാപ്റ്റനാണെന്ന് പറയുന്നുണ്ടല്ലോയെന്ന് ചോദിക്കും. എന്നാല്‍ ഇന്നലെ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ നല്ലവാക്കിനെ കുറിച്ച് ചോദിക്കുമെന്ന് കരുതി. അതുണ്ടായില്ല. നിങ്ങള്‍ കുത്തിത്തിരുപ്പിന്റെ ആശാന്‍മാരാണ്. ആരോഗ്യരംഗം ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് മാധ്യമങ്ങളും ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആഭ്യര്‍ത്ഥന. രാവിലെ 9 മണിയാകുമ്പോള്‍ ചില മാധ്യമങ്ങള്‍ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കും. ഞങ്ങള്‍ നിലമ്പൂരില്‍ വിജയിച്ചല്ലോ. ചില പറയുന്നതു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ തന്നെയാണോ ജയിച്ചതെന്ന് സംശയം തോന്നും. ജയിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് പണിയുമായി ഇറങ്ങിയത്. ഞങ്ങള്‍ ഒരു കുടുംബമാണ്. എല്ലാവരും കൂടിയാലോചിച്ചേ തീരുമാനം എടുക്കൂ. 2026 -ലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുമ്പോള്‍ ടീം യു.ഡി.എഫിന്റെ കരുത്ത് എന്താണെന്ന് നിങ്ങള്‍ക്ക് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.