
തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ്. രാഹുലിനെതിരെ നിയമ നടപടി ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചടുല നീക്കം. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തത്. മാധ്യമ വാർത്തകളുടെയടക്കം അടിസ്ഥാനത്തിൽ സ്വമേധയാ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.
നേരത്തെ എംഎൽഎക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നേരിട്ടുള്ള പരാതികൾ ലഭിച്ചിരുന്നില്ല. എന്നാൽ, സോഷ്യൽ മീഡിയയിലൂടെയും ചാറ്റുകളിലൂടെയും നിരവധി യുവതികളെ ഉപദ്രവിച്ചുവെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള വിവിധ സ്ത്രീകളാണ് ഇത്തരം പരാതികൾ മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ചാറ്റ് വഴിയുള്ള രാഹുലിന്‍റെ ശല്യപ്പെടുത്തലുകളെക്കുറിച്ചുള്ള പരാതികൾ എത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം നിയമോപദേശം തേടിയ ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.