
തൃശ്ശൂര്‍: ഗുണ്ടകള്‍ ഗുണ്ടകളെപോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിക്കുമെന്ന് ഗുണ്ടകള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായ ഗുണ്ട ആക്രമണത്തെ തുടർന്ന് മാധ്യമങ്ങൾക്ക് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഐപിഎസ് നൽകിയ പ്രതികരണമാണ് ഫേസ്ബുക്കിൽ കാർഡായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ഡ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേരിലാണ് പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം തൃശൂർ നെല്ലങ്കരയിലാണ് ലഹരിപ്പാര്‍ട്ടിക്കിടെ സംഘര്‍ഷം ഉണ്ടാകുകയും തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിക്കുകയും വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തത്. ഗുണ്ടകളുടെ ആക്രമണത്തിൽ ഗ്രേഡ് എസ്‌ഐ ജയന്‍, സീനിയര്‍ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്‌മജിത്തിന്റെ നേതൃത്വത്തിലായിരുന്നു ജീപ്പ് ആക്രമിച്ചത്. സംഭവസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ ആര്‍ ഇളങ്കോവനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ‘ഗുണ്ടകള്‍ ഗുണ്ടകളെ പോലെ പ്രവര്‍ത്തിച്ചു. പൊലീസ് പൊലീസിനെ പോലെ പ്രവര്‍ത്തിച്ചു’, എന്നായിരുന്നു അദ്ദേഹം പ്രതികരണം.
സഹോദരങ്ങളായ അല്‍ത്താഫിന്റെയും അഹദിന്റെയും പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു സംഘർഷം. സുഹൃത്തുക്കളായ ബ്രഹ്‌മജിത്തും എബിനും അഷ്‌ലിനും ഷാര്‍ബലും പാര്‍ട്ടിക്ക് എത്തിയിരുന്നു. അല്‍ത്താഫിന്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നടന്ന പരിപാടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് എത്തുകയും അല്‍ത്താഫിന്റെ വീടിന് സമീപത്ത് വെച്ച് ഏറ്റുമുട്ടുകയുമായിരുന്നു. ഭയന്ന് പോയ അല്‍ത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകള്‍ അടിച്ച് തകര്‍ത്ത സംഘത്തെ കൂടുതല്‍ പോലീസ് എത്തിയാണ് പിടികൂടിയത്.