കേരളത്തിന് പെരുമഴക്കാലം; നാളെ മൂന്നുജില്ലകളിലൊഴികെ റെഡ് അലേര്‍ട്ട്‌, വ്യാപക മഴക്കെടുതി, കെഎസ്ഇബിക്ക് 27 കോടിയുടെ നഷ്ടം

തിരുവനന്തപുരം : കാലവര്‍ഷത്തിന്റെ വരവറിഞ്ഞ് കേരളം. സംസ്ഥാനത്തെ പരക്കെ കനത്തമഴയാണ് പെയ്തിറങ്ങുന്നത്. വിവിധ ജില്ലകളില്‍ നിന്നായി മഴക്കെടുതി റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.

അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മെയ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്. അതേസമയം, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 11 ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ഉണ്ട്.

മലങ്കര ഡാമിലെ 5 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പൊന്‍മുടിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല.

പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് പൊന്മുടി ഇക്കോ ടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചത്.

ശക്തമായ കാറ്റിലും മഴയിലും ഇതുവരെ 27 കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്ന് കെ എസ് ഇ ബിയുടെ അറിയിപ്പ്. ഇതുവരെ 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നും കെ എസ് ഇ ബി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 9496018377 എന്ന നമ്പറില്‍ 24 മണിക്കൂറും പരാതികള്‍ അറിയിക്കാം.

More Stories from this section

family-dental
witywide