അമേരിക്കൻ അധിക തീരുവയിൽ കേരളത്തിന്‍റെ ആശങ്ക ചില്ലറയല്ല, കയറ്റുമതി മേഖലയിലെ പ്രശ്നങ്ങൾ പരിഗണിക്കാൻ പി രാജീവുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതി

അമേരിക്ക 50 ശതമാനം അധിക തീരുവ ഇന്ത്യക്ക് ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ, കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവർത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ് എൽ ബി സി) അറിയിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി എസ് എൽ ബി സി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

ഈ മാസം 18-ന് ചേരുന്ന എസ് എൽ ബി സി യോഗത്തിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പ് നൽകി. ഉയർന്ന തീരുവ പ്രഖ്യാപനത്തെ തുടർന്ന് കയറ്റുമതി മേഖലയിലെ നിരവധി ഓർഡറുകൾ റദ്ദാക്കപ്പെടുകയോ മരവിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതുമൂലം, പ്രവർത്തന മൂലധനത്തിനായുള്ള അപേക്ഷകൾ പല ബാങ്കുകളും വൈകിപ്പിക്കുന്നതായി കൊച്ചിയിൽ മന്ത്രിയുമായി നടന്ന യോഗത്തിൽ കയറ്റുമതി മേഖലയിലെ വ്യവസായികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി എസ് എൽ ബി സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യമേഖലയ്ക്ക് പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന് സമർപ്പിക്കുന്ന നിവേദനത്തിൽ കയറ്റുമതി മേഖലയുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ആഭ്യന്തര വിപണി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്നും, ലോകകേരള സഭയിലെ അംഗങ്ങളുമായി ചേർന്ന് പുതിയ കയറ്റുമതി വിപണികൾ കണ്ടെത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide