അമേരിക്കയേയും പിന്നിലാക്കി കേരളം! ഇന്ത്യയിൽ നമ്പർ 1 തന്നെ, സന്തോഷം പങ്കുവച്ച് ആരോഗ്യ മന്ത്രി; ശിശുമരണനിരക്കിൽ അത്രമേൽ കുറവ്

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്, ദേശീയ ശരാശരിയായ 25നെ അപേക്ഷിച്ച് വളരെ കുറവാണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6 നേക്കാൾ മികച്ചതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഈ നിരക്ക് നിലനിർത്താൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ ആരോഗ്യസേവനങ്ങളുടെ ഏകീകൃത ലഭ്യതയെ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് ഗ്രാമീണ മേഖലകളിൽ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളിൽ 19 ഉം ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേരളത്തിൽ ഈ വ്യത്യാസം ഇല്ലാതെ ശിശുമരണനിരക്ക് അഞ്ചിൽ നിലനിർത്താൻ സാധിച്ചു. മികച്ച ആരോഗ്യസേവനങ്ങളും പൊതുജനാരോഗ്യ പ്രവർത്തനങ്ങളും നടപ്പാക്കുന്നതിന്റെ ഫലമാണ് ഈ നേട്ടമെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും പിന്തുണ നൽകിയവർക്കും മന്ത്രി നന്ദി അറിയിച്ചു.

വീണ ജോർജിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

അഭിമാനം. സന്തോഷം.
കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു .
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്.
ദേശീയ ശരാശരി 25 ആണ്.
അമേരിക്കൻ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്.
അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത് .
രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട് . രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19 തുമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാൻ കഴിഞ്ഞു. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങൾ (ഹെൽത്ത് കെയർ ആക്സിസിബിലിറ്റി ) ജനങ്ങൾക്ക് പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത് .
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും പൊതുജനാരോഗ്യപ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുന്നതിനും അക്ഷീണം പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.

Also Read

More Stories from this section

family-dental
witywide