
കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, തുടങ്ങിയ എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും ലേബർ കോഡ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഒറ്റക്കെട്ടായി നിലകൊണ്ടു. ഇതിൻ്റെ ഭാഗമായി ഡിസംബർ 19-ന് തിരുവനന്തപുരത്ത് വിപുലമായ ലേബർ കോൺക്ലേവ് ചേരാനും തീരുമാനമായി.
കോൺക്ലേവിലേക്ക് ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും പ്രതിനിധികളെയും ക്ഷണിക്കും. നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്തിന് സ്വന്തമായി പ്രത്യേക തൊഴിൽ നിയമം കൊണ്ടുവരാനുള്ള സാധ്യതകളും കേന്ദ്ര കോഡുകളിൽ എത്രത്തോളം ഇടപെടാൻ കഴിയുമെന്നതും നിയമവിദഗ്ധരുടെ അഭിപ്രായം സഹിതം ചർച്ച ചെയ്യും. കോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇ-മെയിൽ അയക്കുകയും ഡിസംബർ 19-ന് ശേഷം കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഇന്നലെ രാജ്യവ്യാപകമായി നടന്ന കറുത്ത ബാഡ്ജ് പ്രതിഷേധത്തിൽ കേരളത്തിലെ തൊഴിലാളികളും പങ്കാളികളായിരുന്നു. ചില സ്ഥാപനങ്ങൾ ബാഡ്ജ് ധരിച്ചവർക്കെതിരെ നോട്ടീസ് നൽകിയ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ, കേരളത്തിൽ അത്തരം അടിച്ചമർത്തൽ നടപടികൾക്ക് സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ന്യായമായ പ്രതിഷേധാവകാശത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.













