ഹൂസ്റ്റണ്‍: ക്രിസ്മസ്- ന്യൂയർ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു ചര്‍ച്ചാവിഷയവുമായി കേരള റൈറ്റേഴ്‌സ് ഫോറം. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറമാണ് പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ ‘മസാല ഹട്ടി’ല്‍ ഒത്തുകൂടിയത്.

സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ അന്തരിച്ച ചലചിത്ര പ്രതിഭ ശ്രീനിവാസനും അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാം നിലമ്പള്ളിലിനും ആദരാഞ്ജലികളര്‍പ്പിച്ചു. ശ്രീനിവാസന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ അനുസ്മരിച്ച് മാതു നെല്ലിക്കുന്ന് സംസാരിച്ചു. സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ സിനിമകള്‍ മലയാളികളുടെ ദൈനംദിന ജീവിത നിമിഷങ്ങളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എ.സി ജോര്‍ജ് സാം നിലമ്പള്ളിലിന്റെ ആനുകാലികമായ ലേഖനങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെപ്പറ്റിയും അനുസ്മരിച്ചു.

തുടര്‍ന്ന് ജോസഫ് തച്ചാറ അവതരിപ്പിച്ച ”കാര്‍ഗുഹ’യെന്ന കവിതയെപ്പറ്റി ചര്‍ച്ച നടന്നു. ‘ബ്ലാക്ക് ഹോള്‍’ അഥവാ ‘തമോദ്വാര’ത്തെക്കുറിച്ചാണ് കവിത പ്രതിപാദിക്കുന്നത്. തമോദ്വാരം അല്ലെങ്കില്‍ തമോഗര്‍ത്തം എന്നത് പ്രപഞ്ചത്തിലെ അത്യധികം ശക്തമായ ഗുരുത്വാകര്‍ഷണബലമുള്ള ഒരു ഭാഗമാണ്. അതില്‍ നിന്ന് പ്രകാശത്തിന് പോലും രക്ഷപ്പെടാനാവില്ല. വലിയ നക്ഷത്രങ്ങളുടെ ജീവിതചക്രത്തിന്റെ അവസാനത്തില്‍ അവയുടെ ഭീമാകാരമായ പിണ്ഡം ഒരു ചെറിയ സ്ഥലത്തേക്ക് കൂടിച്ചേരുമ്പോഴാണ് സാധാരണയായി തമോദ്വാരങ്ങള്‍ രൂപപ്പെടുന്നത്.
ഇവയെ നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, അവയുടെ ചുറ്റുമുള്ള വസ്തുക്കളില്‍ ചെലുത്തുന്ന സ്വാധീനത്തിലൂടെ (ഉദാഹരണത്തിന്, നക്ഷത്രങ്ങളെ വലിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവും റേഡിയേഷനും) ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇവയെ തിരിച്ചറിയാന്‍ സാധിക്കുന്നു. ഈ പ്രതിഭാസത്തെ കണ്ട് അത്ഭുതപ്പെടുന്ന ഒരു ബാലന്റെ മനോവിചാരത്തിലൂടെയാണ് കവിത തുടങ്ങുന്നത്.
”മഹാ സമുദ്രങ്ങള്‍ ഭൂമിയുടെ ഭാഗമെന്നുംസഹസ്രഭൂവസമം സൂര്യനെന്നുംആകാശഗംഗയിലൊരുതരിയര്‍ക്കനെന്നുംനക്ഷത്രജാലങ്ങള്‍ക്കുപരി ഭീമനാണ് ‘കാര്‍ഗുഹ’യെന്നും കണ്ടു…”മനുഷ്യ സമൂഹം തമോഗര്‍ത്തത്തിലേയ്ക്ക് അതിവേഗം നടന്നടുക്കുകയാണെന്നും ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയുമെല്ലാം അവസാനം അധികം ദുരത്തല്ലെന്നും കവി ഓര്‍മ്മപ്പെടുത്തുന്നു.
ജോണ്‍ മാത്യു, മാതു നെല്ലിക്കുന്ന്, മാത്യു മത്തായി, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍, സുരേന്ദ്രന്‍ നായര്‍, ഗ്രേസി നെല്ലിക്കുന്ന്, മറിയാമ്മ തോമസ്, എ.സി ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തച്ചാറ നന്ദിസൂചകമായി മറുപടി പറഞ്ഞു.റവ. ഡോ. തോമസ് അമ്പലവേലില്‍ ‘ഇന്ത്യന്‍ അമേരിക്കന്‍സ് – ഇന്‍ മോഡേണ്‍ ഇറ’ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ നോര്‍ത്ത് വെസ്റ്റ് അമേരിക്കയിലേയ്ക്കുള്ള സിക്കുകാരുടെ മൈഗ്രേഷനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണിത്.
സിക്കുകാരുടെ വ്യാപകമായ കുടിയേറ്റത്തെ തുടര്‍ന്ന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വിവിധ പ്രൊഫഷണലുകള്‍ ആരോഗ്യകരമായ ഒരു ഇന്തോ-അമേരിക്കന്‍ സമൂഹത്തിന് രൂപം നല്‍കുകയായിരുന്നു. വാസ്തവത്തില്‍ ഇന്തോ-അമേരിക്കന്‍സാണ് പ്രൊഫഷണല്‍ ലോകത്തെ രാജാക്കന്‍മാര്‍ എന്ന് പറയാം. അതേസമയം ബൃഹത്തായ ഈ വിഷയത്തെപ്പറ്റി വരും മീറ്റിങ്ങുകളില്‍ ചര്‍ച്ച തുടരും. ജോണ്‍ മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.
Kerala Writers Forum Houston monthly meeting , discussing about the poem “karguha”











