തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ വര്‍ഷത്തേക്കാൾ 50 കോടി രുപയുടെ അധിക മദ്യവില്‍പ്പന നടന്നതായാണ് റിപ്പോർട്ട്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യവിൽപ്പന നടന്നതായാണ് വിവരം. 126 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന. പതിനൊന്ന് കോടിയിലധികം രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റത്. സംസ്ഥാനത്ത് 826.38 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിറ്റുപോയതെന്നാണ് റിപ്പോർട്ട്.
ഉത്രാടദിന വിൽപ്പനയിൽ, കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റാണ് മുന്നിലുള്ളത്. 1.46 കോടി രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് 1.24 കോടി രൂപയുടെ വിൽപ്പനയുമായി രണ്ടാം സ്ഥാനത്തുള്ളത്. 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്ഥാനത്തുണ്ട്.
തിരുവോണത്തിന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വലിയ തിരക്കായിരുന്നു സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ വ്യാഴാഴ്ച അനുഭവപ്പെട്ടത്. അതേസമയം, ബെവ്കോ ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ഓണം ബോണസായിരുന്നു സർക്കാർ അനുവദിച്ചത്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസാണ് അനുവദിച്ചത്.













