ടൊറന്റോ: കാനഡയിൽ ആയുധങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഖലിസ്ഥാനി നേതാവായ ഇന്ദർജീത് സിംഗ് ഗോസലിനെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾക്കുമാണ് ഒൻ്റാറിയോ പ്രവിശ്യാ പൊലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച ഗോസലിനെ അറസ്റ്റ് ചെയ്‌തതായി കോടതി രേഖകൾ ഉദ്ധരിച്ച് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തത്. കൂടെ ടൊറന്റോയിൽ നിന്നുള്ള അർമാൻ സിംഗ് (23), ന്യൂയോർക്ക് നിവാസിയായ ജഗ്ദീപ് സിംഗ് (41) എന്നിവരെയും ഒൻ്റാറിയോയിലെ വിറ്റ്ബിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ മുൻ കോർഡിനേറ്റർ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ദർജീത് തൽസ്ഥാനത്തേക്ക് വരുന്നത്. ഖാലിസ്ഥാനെക്കുറിച്ച് റഫറണ്ടം പ്രചാരണം നടത്തുന്ന വ്യക്തിയാണ് ഇന്ദർജീത്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) അംഗം കൂടിയാണ് ഇന്ദർജീത്. ഗുർപത‌്വന്ത് സിംഗ് പന്നൂ ആണ് പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എഫ്‌ജെയുടെ നേതാവ്. ഇന്ത്യയ്ക്ക് പുറത്ത് കാനഡയിലാണ് ഏറ്റവും കൂടുതൽ സിഖ് ജനതയുള്ളത്.













