ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെ ജയശങ്കറിനു നേരെ പാഞ്ഞടുത്ത് ഖലിസ്ഥാന്‍വാദികള്‍, ഇന്ത്യയുടെ ദേശീയപതാക കീറി; ഇന്ത്യക്ക് ആശങ്ക

ന്യൂഡല്‍ഹി : നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. ഖലിസ്ഥാന്‍വാദികളാണ് മന്ത്രിയെ ആക്രമിക്കാന്‍ പാഞ്ഞടുത്തത്. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഇവര്‍ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടയുകയുമായിരുന്നു. ഖലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാള്‍ മന്ത്രിക്കുനേരെ പാഞ്ഞുവന്നു. ആക്രമിക്കാന്‍ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുകയും ചെയ്തു. ഈ സംഭവത്തില്‍ ഇന്ത്യ ആശങ്കയിലാണ്. മാര്‍ച്ച് 4 മുതല്‍ 9 വരെ യുകെയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തിയതാണു ജയശങ്കര്‍.

More Stories from this section

family-dental
witywide