
ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഖമേനിയെ ഇനി അധികകാലം ജീവനോടെയിരിക്കാന്‍ അനുവദിക്കില്ലെന്നാണ് കാറ്റ്‌സിന്‍റെ ഭീഷണി. ഖമേനിയെ ഇല്ലാതാക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്നും കാറ്റ്‌സ് പറഞ്ഞു. ഖമേനിയെ പോലുള്ള ഒരാൾ എപ്പോഴും തന്റെ ഏജന്റുമാരിലൂടെ ഇസ്രയേലിനെ നശിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഞങ്ങളെ ആക്രമിക്കാൻ തയ്യാറുള്ള ഈ മനുഷ്യൻ ജീവനോടെയിരിക്കരുത്. അതുകൊണ്ടുതന്നെ ഖമേനിയെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ സൊറോക ആശുപത്രി തകര്‍ന്ന സംഭവത്തില്‍ മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹും രംഗത്തെത്തി. ആശുപത്രിയിലേക്ക് നടത്തിയ ആക്രമണത്തിന് ഇറാന്‍ ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇന്ന് രാവിലെ ഇറാന്‍ തീവ്രവാദികള്‍ സൊറോക്ക ആശുപത്രിക്കും പൗരന്മാര്‍ക്കും നേരെയാണ് മിസൈല്‍ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ സ്വേച്ഛാധിപതികളെക്കൊണ്ട് ഇതിന് വലിയ പിഴയൊടുപ്പിക്കും എന്ന് നെതന്യാഹു എക്‌സില്‍ കുറിച്ചു.