‘ഇന്ത്യ സംയമനം പാലിച്ചാൽ സംഘർഷം അവസാനിപ്പിക്കാൻ തയാർ’; പ്രതികരണവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യ സംയമനം പാലിച്ചാൽ സംഘർഷത്തിന് അവസാനിപ്പിക്കാൻ തയാറാണെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. ആക്രമണം ഉണ്ടായാൽ മാത്രമേ പാകിസ്ഥാനും പ്രതികരിക്കൂ എന്നും അദ്ദേഹം പറഞ്ഞതായി ബ്ലൂംബെർഗ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇന്ത്യയോട് ശത്രുതപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് രണ്ടാഴ്ചയായി ആവർത്തിക്കുകയാണ്. എന്നാൽ, ഇങ്ങോട്ട് ആക്രമിക്കപ്പെട്ടാൽ തിരിച്ച് പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ ഞങ്ങളും സംഘർഷം അവസാനിപ്പിക്കും -അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച അർധരാത്രിയാണ് പാകിസ്ഥാനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാമ്പുകളെ ലക്ഷ്യം വെച്ചത്. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്. വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.