
തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ചട്ടലംഘനമുണ്ടെന്ന ഇഡിയുടെ ആരോപണം പൂർണമായും വസ്തുതാവിരുദ്ധമാണെന്ന് കിഫ്ബി സിഇഒ കെ എം അബ്രഹാം. ആർബിഐയുടെ 2016ലെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് ബോണ്ട് വിനിയോഗിച്ചതെന്നും ഭൂമി ഏറ്റെടുക്കലിന് ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഏത് പരിശോധനയ്ക്കും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കിഫ്ബി ആരോപിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പ്, 2024 ലോക്സഭാ തിരഞ്ഞെടുപ്പ്, ഇപ്പോൾ 2025 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും നോട്ടീസ് അയക്കുന്നത് മനഃപൂർവമാണെന്ന് കിഫ്ബി ആരോപിക്കുന്നു. നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതും ആസൂത്രിതമാണെന്ന് സിഇഒ കുറ്റപ്പെടുത്തി.
മസാല ബോണ്ട് വഴി ലണ്ടനിലും സിംഗപ്പൂരിലും 2672.80 കോടി രൂപ സമാഹരിച്ച കിഫ്ബി, ഇതിൽ 466.91 കോടി ഭൂമി ഏറ്റെടുക്കലിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാൻ തോമസ് ഐസക്, സിഇഒ കെ എം അബ്രഹാം എന്നിവർക്കും കിഫ്ബിക്കും നവംബർ 12നാണ് ഇഡി നോട്ടീസ് അയച്ചത്. എന്നാൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.











