
സോൾ: പുതിയ യുദ്ധക്കപ്പലിന്‍റെ അവതരണത്തിനിടെ അപകടമുണ്ടായതിൽ കടുത്ത നടപടികളുമായി ഉത്തര കൊറിയൻ ഏകാധിപതി നേതാവ് കിം ജോങ് ഉൻ. വ്യാഴാഴ്ച പുതിയ യുദ്ധക്കപ്പല്‍ കടലിൽ ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്രിമിനൽ പ്രവർത്തിയെന്നാണ് കിം ജോങ് ഉൻ ഇതിനെ വിശേഷിപ്പിച്ചത്. അപകടത്തിൽ യുദ്ധക്കപ്പലിന്‍റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
ജൂണിൽ നടക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിന് മുൻപ് തന്നെ യുദ്ധക്കപ്പൽ പൂർവ സ്ഥിതിയിലാക്കണം എന്നാണ് കിമ്മിന്‍റെ അന്ത്യശാസനം. 5,000 ടൺ ഭാരമുള്ള യുദ്ധക്കപ്പൽ പൂർവ സ്ഥിതിയിലാക്കുന്നത് പ്രയാസകരമായ ദൗത്യമാണ്. കപ്പലിന്‍റെ അടിത്തട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ആളപായമോ പരിക്കുകളോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കിഴക്കൻ തുറമുഖ നഗരമായ ചോങ്‌ജിനിലെ ഒരു കപ്പൽശാലയിലാണ് അപകടം നടന്നത്. നവംബറിൽ, ഒരു സൈനിക ഉപഗ്രഹം ആകാശത്തു വച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കിം വിമർശിച്ചിരുന്നു. എഴുപതിലധികം മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് തകർന്നിരിക്കുന്നത്. കിം ജോങ് ഉൻ ഉദ്ഘാടനം നിർവഹിച്ച് ആഴ്ചകൾക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്.