ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ എൻ ലളിത അന്തരിച്ചു

തൃശൂർ: ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗവും ഇന്ത്യൻ കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ എൻ ലളിത (88) അന്തരിച്ചു. തൃശൂരിലെ വസതിയിൽ വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.

ഇന്ത്യൻ കോഫി ഹൗസ് സ്ഥാപക നേതാവായിരുന്ന പരേതനായ എൻ എസ് പരമേശ്വരൻ പിള്ളയുടെ ജീവിതപങ്കാളിയായ കെ എൻ ലളിത 1957ൽ എകെജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കോഫി ഹൗസ് സംഘം രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. തൃശൂർ സ്വരാജ് റൗണ്ടിൽ ആദ്യത്തെ കോഫി ഹൗസ് തുടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഘട്ടത്തിൽ തന്റെ താലിമാലയുൾപ്പെടെയുള്ള ആഭരണങ്ങൾ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപേ നൽകി.

എൻ എസ് പരമേശ്വരൻ പിള്ള രചിച്ച ‘കോഫി ഹൗസിൻ്റെ കഥ’ എന്ന പുസ്‌തകത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. “ഇനി കോഫി ഹൗസാണ് ലളിതയുടെ ആഭരണം” എന്നായിരുന്നു അന്ന് എകെജി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. കൈരളി ടിവി ന്യൂസ് കൺസൾട്ടന്റ് എൻ പി ചന്ദ്രശേഖരൻ മകനാണ്. തൃശൂർ പ്ലാക്കാട്ട് ലൈനിലാണ് താമസം. സംസ്കാരം വെള്ളിയാഴ്ച (ഡിസംബർ 26) വൈകിട്ട് തൃശൂർ പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ.

KN Lalitha, founder member of Indian Coffee Board Workers’ Co-operative Union, passed away