
കൊച്ചി: കൊച്ചി മേയർ സ്ഥാനം വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവയ്ക്കുമെന്ന് ഡി സി സി പ്രഖ്യാപനം. ഇത് പ്രകാരം ആദ്യ രണ്ടര വർഷം വി കെ മിനിമോളാകും കൊച്ചി മേയർ. ദീപക് ജോയി ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കും. പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26 ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികൾ ഈ നിലയിലായിരിക്കുമെന്നും ഡി സി സി പ്രസിഡന്‍റ് വിവരിച്ചു. ദീപ്തി മേരി വർഗീസ് ആയേക്കും മേയർ എന്ന വിലയിരുത്തലുകൾ തെറ്റിച്ചുകൊണ്ടാണ് പ്രഖ്യാപനം. ഇക്കാര്യത്തിൽ ദീപ്തി വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടെന്നാണ് വ്യക്തമാകുന്നത്.











