കൊൽക്കത്തയിൽ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ പണിമുടക്കി ലോകത്തിലെ ഏറ്റവും ആഢംബരപര വാഹനമായ റോയിസ് ഗോസ്റ്റ് സീരീസ് 2. കൊൽക്കത്തയിൽ കഴിഞ്ഞ 37 വർഷത്തിലൊരിക്കൽ പോലും ലഭിക്കാത്ത തരത്തിലുള്ള അതിവർഷം ഇപ്പോൾ അനുഭവപ്പെടുകയാണ്. അനുരാധ തിവാരി എന്ന പേരിലുള്ള ഒരു ഉപയോക്താവാണ് വെള്ളത്തിൽ മുങ്ങിയ റോയിസ് ഗോസ്റ്റ് സീരീസ് 2 കാറിൻ്റെ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
“കാർ വില – 10 കോടി, അടിസ്ഥാനസൗകര്യം – പൂജ്യം. നിങ്ങളെല്ലാവരും കോടികൾ കൊടുത്ത് സ്വപ്നവാഹനം വാങ്ങുന്നു, ഒടുവിൽ ഓടിക്കാൻ ഇങ്ങനെ ദയനീയമായ റോഡുകൾ മാത്രം!” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വെള്ളത്തിൽ മുങ്ങിയ റോഡിൽ നിൽക്കുന്ന റോയിസ് ഗോസ്റ്റ് സീരീസ് 2 നെയും കാണാം.
വെള്ളത്തിൽ നിൽക്കുന്ന റോയിസ് ഗോസ്റ്റ് സീരീസ് 2 മോഡൽ വീഡിയോ X എന്ന പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ആകെ ചർച്ചയാണ്. ഇന്ത്യയിലെ മോശം റോഡുകളെ കുറിച്ചും മോശം റോഡ് കാരണമാണ് വാഹനങ്ങൾ തകരാറിൽ ആകുന്നതെന്നും വെള്ളത്തിൽ മുങ്ങിയ റോഡിൽ നിങ്ങളുടെ 10 കോടി രൂപ വിലയുള്ള സ്വപ്നവാഹനം തകരാറിലായാൽ അതിന് ഉത്തരവാദി ആരാണ്? എന്നും തുടങ്ങിയ ചോദ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പാലങ്ങൾ, റോഡുകൾ, ഫ്‌ളൈഓവർസ് — പ്ലാനിങ് നിർബന്ധമല്ല, അതിജീവനം മാത്രമാണ് നിയമം. ഇന്ത്യയിൽ നിങ്ങളുടെ 10 കോടി രൂപയുടെ കാറിന് 10 രൂപയുടെ റോഡാണ് ലഭിക്കുന്നത്. ഇത് പലതും വ്യക്തമാക്കുന്നു. വിശദീകരണം ആവശ്യമില്ല. ഇതിന് കൊൽക്കത്ത മാത്രം കുറ്റക്കാരല്ല, മൺസൂൺകാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളുടെയും യാഥാർത്ഥ്യം ഇതുതന്നെ ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ആളുകൾ വിഷയത്തിൽ നടത്തുന്നത്.









