
കൊച്ചി: നാലു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ 6 മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജസ്റ്റിസ് ബി ഗിരീഷാണ് തള്ളിയത്. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പൊലീസ് ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. നിലവിൽ ഒളിവിലാണ് നടൻ. പ്രതിയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. കൂട്ടിക്കൽ ജയചന്ദ്രന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ പരിശോധിച്ചിട്ടുണ്ട്.
അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പേക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജുലൈ 12-ന് കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. കൊച്ചിയിലെ വീട്ടിൽ വച്ച് നാല് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് പലതവണ മൊഴി എടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാണെന്നാണ് പൊലിസ് പറയുന്നത്.