കൊട്ടാരക്കര സ്വദേശിനി ഒന്നര വയസുള്ള മകളെ കൊന്ന് ആത്മഹത്യ ചെയ്തു, സംഭവം ഷാര്‍ജയില്‍; ഭർത്താവ് വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ

ഷാര്‍ജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി അകന്നുകഴിയുകയായിരുന്നുവെന്നാണ് വിവരം. ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു.

ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനമെങ്കിലും മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായ ശേഷമേ തുടര്‍ നടപടികള്‍ക്ക് സാധ്യതയുള്ളൂ.

അല്‍ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide