
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു മരണം. സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആശുപത്രിയിലെ പതിനാലാം വാര്‍ഡിലെ കെട്ടിടഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്ന് വീണത്. അഗ്നിരക്ഷാ സേനയും, പൊലീസും അടക്കമുള്ള സ്ഥലത്തെത്തിയിട്ടുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നുവീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റിയിട്ടുണ്ട്.
ഉപയോഗത്തില്‍ ഇല്ലാതിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത് മന്ത്രി വി.എന്‍ വാസവനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി. പത്താം വാര്‍ഡിന്റെ ശുചിമുറിയോട് ചേര്‍ന്നാണ് പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും, ഇവിടെ നിന്നവരാകണം അപകടത്തില്‍പ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി ജയകുമാര്‍ പ്രതികരിച്ചു.
തകര്‍ന്നുവീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനിലയില്‍ ബലക്ഷയം കണ്ടെത്തിയിരുന്നുവെന്നും അതിനാല്‍ പൂര്‍ണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.