
തിരുവനന്തപുരം: ജവഹർ നഗറിലെ അഞ്ചര കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. അമേരിക്കയിൽ താമസിക്കുന്ന മലയാളി വനിത ഡോറ അസറിയയുടെ ഭൂമി തട്ടിയെടുത്ത കേസിൽ അന്വേഷണം ആഴത്തിൽ പുരോഗമിക്കവേ, കേസിലെ മുഖ്യപ്രതിയും ഡി.സി.സി. അംഗവുമായ അനന്തപുരി മണികണ്ഠൻ പൊലീസിന് നൽകിയ മൊഴി ദുരൂഹത വർധിപ്പിക്കുന്നു. പരാതിക്കാരനായ ഡോറയുടെ ബന്ധു അമർനാഥ് പോളിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് മണികണ്ഠന്റെ വെളിപ്പെടുത്തൽ. അയൽവാസിയായ അനിൽ തമ്പിയാണ് തട്ടിപ്പിന് പണം മുടക്കിയതെന്നും മണികണ്ഠൻ മ്യൂസിയം പൊലീസിനോട് വ്യക്തമാക്കി.
ഡോറ അസറിയയുടെ അമ്മ 2014-ൽ ഇഷ്ടദാനമായി നൽകിയ 14 സെന്റ് ഭൂമിയും 10 മുറികളുള്ള വീടുമാണ് മാഫിയ സംഘം തട്ടിയെടുത്തത്. അധാരമെഴുത്തുകാരനായ മണികണ്ഠൻ, അനിൽ തമ്പിയുടെ നിർദേശപ്രകാരം വ്യാജ പ്രമാണങ്ങൾ നിർമിച്ച് തട്ടിപ്പ് നടത്തി. ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മണികണ്ഠന്റെ സുഹൃത്ത് മെറിനെ സബ് രജിസ്ട്രാർ ഓഫിസിൽ ഹാജരാക്കി, ഒരു അഭിഭാഷകന്റെ സഹായത്തോടെ വ്യാജ ആധാരം തയ്യാറാക്കി. തുടർന്ന്, ഈ ഭൂമി ഒന്നര കോടി രൂപയ്ക്ക് അനിൽ തമ്പിയുടെ ഭാര്യയുടെ പിതാവിന്റെ പേര്‌ക്ക് മാറ്റി.
മണികണ്ഠന്റെ മൊഴിയിൽ, അമർ നാഥ് പോളിന് വൻ തുക വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പണം നൽകാത്തതിനാൽ അവർ തമ്മിൽ തെറ്റിയെന്നും പറയുന്നു. സംസ്ഥാനത്തും പുറത്തും പ്രമുഖരുമായി ബന്ധമുള്ള അനിൽ തമ്പി നിലവിൽ ഒളിവിലാണ്. ഉടമയായ ഡോറ അസറിയ ഇതുവരെ നാട്ടിലെത്തി മൊഴി നൽകാൻ തയ്യാറായിട്ടില്ല. 2014-ലെ ഇഷ്ടദാന ആധാരം ഉൾപ്പെടെ വിശദമായി പരിശോധിക്കേണ്ടി വരുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.