
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായി അണയ്ക്കാനായില്ല. ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചതോടെ അപകട നില തരണം ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ മാറ്റുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതോടെ സ്തംഭിച്ച അവസ്ഥയിലാണ് കോഴിക്കോട് നഗരം. കൂടുതല്‍ നിലകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആദ്യം ജില്ലയിലെയും പിന്നീട് മലബാറിലെ മുഴുവന്‍ ഫയര്‍ ഫോഴ്‌സുകള്‍ക്കും സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് വസ്ത്ര ഗോഡൗണാണ് ആദ്യം കത്തിയമര്‍ന്നത്. പിന്നീട് തീ പടർന്നതോടെ ബസ് സ്റ്റാൻഡിലെ മറ്റ് കടകളിലേക്കും ആളിപ്പടരുകയായിരുന്നു. കെട്ടിടങ്ങളുടെ അകത്തേക്ക് പ്രവേശിക്കാന്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉള്ളിലേക്ക് കടന്നുചെല്ലാന്‍ വലിയ പ്രയാസം നേരിടുന്നതായി അഗ്നിശമന സേനാ മേധാവി പറഞ്ഞു.
നഗരമെങ്ങും കറുത്ത പുക വ്യാപിച്ചിട്ടുണ്ട്.വൈകിട്ട് അഞ്ചിനാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം രണ്ടാം നിലയിലാണ് തീ പിടിച്ചതെങ്കിലും വൈകാതെ ആളിക്കത്തി കെട്ടിടത്തിന്റെ മൂന്ന് നിലകളെയും മൂടി. വന്‍ അഗ്‌നിബാധയായതിനാല്‍ അഗ്‌നിശമനസേനാംഗങ്ങള്‍ക്കല്ലാതെ പരിസരത്തേക്ക് പ്രവേശനമില്ല. വാഹനങ്ങള്‍ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡുകളില്‍ പ്രവേശനം വിലക്കി. തീ ആളിപ്പടരാതിരിക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചിട്ടുണ്ട്.