
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന ഈ യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പുതിയ കേസോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. വയനാട്ടില്‍ നിന്നുള്ള 45 വയസുള്ള വ്യക്തിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഈ കുഞ്ഞടക്കമുള്ളവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുളള സുഷികരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം അപൂർവവും എന്നാൽ ഗുരുതരവുമായ രോഗമാണ്, ഇത് മലിനജലത്തിലൂടെ പകരാം. ആരോഗ്യവകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാനും വൃത്തിഹീനമായ ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്.