
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെ ചികിത്സയിലിരുന്ന നാലുപേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇവരുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും മരണം പുക ശ്വസിച്ചല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഗോപാലന്‍, സുരേന്ദ്രന്‍, ഗംഗാധരന്‍ എന്നിവരുടെ മരണമാണ് തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും. ഇവരെക്കൂടാതെ ഏകദേശം അതേ സമയത്ത് മരണപ്പെട്ട മറ്റ് രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പുറത്തുവരാനുണ്ട്. ഇവരില്‍ ഒരാള്‍ വിഷം കഴിച്ചതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മറ്റൊരാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയതായിരുന്നു.
സംഭവത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.