
തിരുവനന്തപുരം : കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്ന സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
ആന്റോ ആന്റണിയുടെ പേര് അധ്യക്ഷ പദവിക്ക് സജീവ ചര്‍ച്ചയായിരിക്കെ, ഫോട്ടോ കണ്ടാല്‍ മനസിലാകുന്നയാളെ പ്രസിഡന്റാക്കണമെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. സണ്ണി ജോസഫിന്റെ പേരും അന്തിമ പരിഗണനയിലുണ്ട്.
എന്നാല്‍, അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. മാത്രമല്ല, പിണറായി വിജയനെ ഭരണത്തില്‍നിന്നു താഴെയിറക്കുകയാണു ലക്ഷ്യമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നേടിയാല്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ പടിയിറങ്ങുമെന്നും സുധാകരന്‍ പറയുന്നു.