
തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മാതാപിതാക്കളുടെ അനുവാദത്തോടെ പെണ്‍കുട്ടികളെ ജോലിക്കു കൊണ്ടുപോയ കന്യാസ്ത്രീകളെയാണ് ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കത്തോലിക്ക കന്യാസ്ത്രീകള്‍ ആഗ്രയില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്കു മൂന്നു പെണ്‍കുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോഴാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ എഴുതി നല്കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. രാജ്യത്തുടെനീളം ബിജെപിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടര്‍ച്ചയാണിതെന്നും മണിപ്പൂരിന് പുറമെ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ത്രിപുര, മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലും ന്യൂനപക്ഷവേട്ട നടക്കുന്നതായും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.