രാഹുലിനെതിരെ ആക്ഷേപം ഉയരുന്നത് അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചത് കൊണ്ടെന്ന് സണ്ണി ജോസഫ്; ‘ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയായി’

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. എന്നാൽ, ഈ വിഷയത്തിൽ മറ്റുള്ള പാർട്ടികൾക്ക് കോൺഗ്രസിനെ വിമർശിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ കേസുകളിൽ പ്രതികളായ എംഎൽഎമാർ നിയമസഭയിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ല, അങ്ങനെയൊരു കീഴ്‌വഴക്കമില്ല,” സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസിന്‍റെ സംഘടനാ ശക്തിക്ക് രാഹുലിനെതിരായ ആക്ഷേപം ചെറിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. “എന്നാൽ, ഇത് പറയാൻ മറ്റുള്ളവർക്ക് ധാർമികമായി അവകാശമില്ല” എന്ന വസ്തുത നിലനിൽക്കുന്നു.

എം.എൽ.എ. സ്ഥാനം ജനങ്ങൾ നൽകുന്നതാണ്. ഗുരുതരമായ ബലാത്സംഗക്കേസുകളിൽ പ്രതികളായിട്ടും രാജിവെക്കാത്ത എം.എൽ.എമാർ സഭയിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപമുയരുന്നത് അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സി.പി.എം., ബി.ജെ.പി. പ്രതിഷേധങ്ങളെ അവഗണിച്ച് രാഹുലിനെ മണ്ഡലത്തിലെ ഓണാഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ എ ഗ്രൂപ്പും അദ്ദേഹത്തിന്റെ അനുയായികളും ശ്രമം തുടങ്ങി. മണ്ഡലത്തിൽനിന്ന് ദീർഘകാലം വിട്ടുനിൽക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയമാണ് ഇതിനു പിന്നിൽ. ഇതിനോട് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് വിയോജിപ്പുണ്ട്. ആരോപണങ്ങൾ ഉയർന്ന ശേഷം രാഹുൽ അടൂരിലെ വീട്ടിൽ ഒതുങ്ങിക്കൂടുകയാണ്.

More Stories from this section

family-dental
witywide