
മോസ്കോ: യുക്രൈൻ – റഷ്യ യുദ്ധത്തിൽ സമാധാനം കണ്ടെത്താനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സംഘവും റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനുമായുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടെ മോസ്കോയിൽ കാർ ബോംബ് സ്ഫോടനം. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവച്ചിൽ റഷ്യയുടെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ ജനറൽ യാരോസ്ലാവ് മൊസ്കാലിക്കാണ് മോസ്കോയിലെ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റഷ്യയുമായുള്ള ചർച്ചക്ക് നിയോഗിച്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച തുടങ്ങുമ്പോളായിരുന്നു സ്ഫോടനമെന്നത് ലോകത്തെ ഞെട്ടിച്ച സംഭവമായി.
യാരോസ്ലാവ് മൊസ്കാലിക്കിന്റെ കൊലപാതകം ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോസ്കോയിലെ കാർബോബ് ആക്രമണം ഭീകരാക്രമണം തന്നെയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇന്നലെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 12 പേർ മരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണോ ഇന്നത്തെ കാർബോബ് ആക്രമണമെന്നടക്കം സംശയമുണ്ട്.
സ്ഫോടനം നടന്ന പ്രദേശം റഷ്യൻ ഫൊറൻസിക് സംഘം പരിശോധിച്ചിട്ടുണ്ട്. ഈ ആഴ്ച ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത് എന്നത് റഷ്യയെ സംബന്ധിച്ചടുത്തോളം ആശങ്കപ്പെടുത്തുന്നതാണ്. മോസ്കോയിലെ ഭൂഗർഭ കാർ പാർക്കിങ് ഏരിയയിൽ കഴിഞ്ഞ ദിവസം മറ്റൊരു സ്ഫോടനം നടന്നിരുന്നു.