തിരുവനന്തപുരം: ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫും. മേയർ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാവും. യുഡിഎഫിന്‍റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്.
അതേസമയം, ഭൂരിപക്ഷമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സിപിഎമ്മിന്‍റെ മേയർ സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്. പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി മുൻ മേയർ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനിയെയും വൈസ് പ്രസിഡന്‍റായി ബി പി മുരളിയെയും തീരുമാനിച്ചു.
KS Sabarinathan from UDF to contest for Thiruvananthapuram Mayor post















